ഭര്‍ത്താവ്

#ഭർത്താവ്

അവളുടെ കണ്ണുകളിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ ഒപ്പിയെടുക്കുമ്പോൾ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു….
ആ കണ്ണുകളിലെ തിളക്കം എന്നോട് പറഞ്ഞത് പ്രണയമാണോ അതോ കടപ്പാടിന്റെ നന്ദിയുടെ ദൈന്യതയാണോ എന്നറിയില്ല….

എന്റെ ദേഹത്തോട് ചാരി നിർത്തി കഞ്ഞി കോരി കുടിപ്പിച്ച സമയത്ത് കുഴഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ ഒരു കൈകൊണ്ടവളെ താങ്ങി നിർത്തി…
അപ്പോഴവളുടെ ഇരു കരങ്ങളും എന്നെ പുണരാൻ കൊതിക്കുന്നുണ്ടെന്നു തോന്നി…

ചുണ്ടിൽ പറ്റിപ്പിടിച്ച വറ്റും വെള്ളവും തുടച്ചു നനഞ്ഞ തുണികൊണ്ട് മുഖവും കഴുത്തും തുടച്ചു വൃത്തിയാക്കിയ ശേഷം അവളെയെടുത്ത് സ്‌ട്രെച്ചറിൽ ഇരുത്തിയപ്പോൾ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…

മലവും മൂത്രവും വീണ് കുതിർന്ന് ചീഞ്ഞുനാറിയ ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിച്ചു…
തലയിണ ഒതുക്കി വച്ച ശേഷം അവളെ വീണ്ടും ബെഡിലേക്ക് തന്നെ കിടത്തിയപ്പോൾ അവളെന്നെ ചുംബിക്കാൻ കൊതിക്കുന്നുണ്ടെന്ന് തോന്നി….

ലൈറ്റ് ഓഫാക്കാതെ അവിടുന്നും പുറത്തിറങ്ങി മുറിയുടെ വാതിൽ ചാരി…
കുട്ടികൾ കിടക്കുന്ന മുറിയിലേക്കൊന്ന് എത്തി നോക്കി…
രണ്ടുപേരും നല്ല ഉറക്കത്തിലാണ്..

പാവം കുഞ്ഞുങ്ങൾ…
അമ്മയുടെ ലാളനയേൽക്കാതെ മുരടിച്ചുപോയ ബാല്യം…
അവരെ കാണുമ്പോൾ വെള്ളമൊഴിക്കാതെ വാടിത്തുടങ്ങിയ ചെടികളാണെന്ന് തോന്നും…
മൂന്നു വർഷമായി അവളീ കിടപ്പ് തുടങ്ങിയിട്ട്..

പലപ്പോഴും മടുപ്പ് തോന്നിയിട്ടുണ്ട്…
ജോലി കുട്ടികൾ അതിനിടയിൽ അവളുടെ കാര്യം…
എല്ലാം കൂടി വയ്യെന്ന് പലപ്പോഴും തോന്നുമെങ്കിലും ഒരിക്കലും അവളെ കയ്യൊഴിയാൻ മനസ്സനുവദിക്കില്ല…
കാരണം അത്രയ്ക്ക് സ്നേഹിച്ചിരുന്നു അവളെ…

അവളുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
എത്ര വഴക്കു പറഞ്ഞാലും എന്തെല്ലാം വിഷമങ്ങളുണ്ടായാലും മായാത്ത പുഞ്ചിരി..
അതവസാനിച്ചിട്ട് ഇന്നേക്ക് മൂന്നു വർഷം തികയുന്നു…
താലി കെട്ടുമ്പോൾ മനസ്സിലുറപ്പിച്ച ഒരു വാക്കുണ്ടായിരുന്നു..
എന്ത് സംഭവിച്ചാലും കൈവിടില്ലെന്ന്..
അത് മരണം വരെ പാലിക്കാൻ കഴിയണേ എന്ന് ദൈവത്തോട് എന്നും പ്രാർത്ഥിക്കും…
******
ശബ്ദമുണ്ടാക്കാതെ വാതിലു തുറന്ന് പുറത്തിറങ്ങി..
നല്ല നിലാവുണ്ട് നേർത്ത മഞ്ഞും..
തോർത്തുമുണ്ട് തലയിൽ ചുറ്റിക്കെട്ടി മൊബൈലിൽ വെളിച്ചം തെളിച്ചു പറമ്പും ഇടവഴിയും താണ്ടി നടന്നു..

ഓരോ ചവിട്ടടിയും പാപത്തിലേക്കുള്ളതാണെന്ന് അറിയാമെങ്കിലും അടി പതറിയില്ല…
ഭർത്താവുപേക്ഷിച്ചു പോയവളും ഭാര്യ തളർന്നു കിടക്കുന്നവനും തമ്മിൽ ചേതമില്ലാത്തൊരു കൈമാറ്റം..
ആർക്കും നഷ്ടങ്ങളില്ല…
പാപമാണോ എന്ന് ചോദിച്ചാൽ അല്ലെന്നു പറയാൻ മനസ്സാക്ഷി സമ്മതിക്കില്ലെങ്കിലും അതിനുള്ളിൽ എവിടെയോ ഒരു ന്യായമുണ്ടെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഓടിട്ട ആ ചെറിയ വീടിന്റെ പിന്നാമ്പുറത്തെ ചായ്പ്പിൽ കയറിയിരുന്നു..

മിസ്സ്കോൾ അടിച്ചയുടനെ നേർത്ത ശബ്ദത്തിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം…
തളർന്നു കിടക്കുന്ന ഭാര്യയും, മക്കളും മനസ്സിൽ നിന്നും ഓടി മറഞ്ഞു…
ഇരുട്ടിൽ പതുങ്ങിയെത്തിയ പെണ്ണിനെ വാരിപ്പുണർന്നു..

എല്ലാം കഴിഞ്ഞു വിയർത്ത ദേഹങ്ങൾ തമ്മിൽ പിണച്ചു കിടക്കുമ്പോൾ അവളെന്റെ നെഞ്ചിൽ പരതിക്കൊണ്ട്
“നിങ്ങൾക്കെന്നെ കെട്ടിക്കൂടെ മനുഷ്യാ…
നമുക്കൊരുമിച്ചു നോക്കിക്കൂടെ അവളെ “…
എന്ന് ചോദിച്ചപ്പോൾ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും അത് പറ്റില്ലെന്ന് പറഞ്ഞു കയ്യൊഴിഞ്ഞു…

ചിലപ്പോൾ കാര്യങ്ങൾ വിചാരിച്ച രീതിയിൽ മുന്നോട്ടു പോയില്ലെങ്കിലോ എന്നുള്ള ഭയമായിരുന്നു ഉള്ളു നിറയെ…
വീണ്ടും മനസ്സിലേക്ക് ഭാര്യയുടെ മുഖം തെളിഞ്ഞുവന്നു…

പിന്നെ അകലങ്ങളിൽ നിന്നും ദ്രുതഗതിയിൽ അടുത്തേക്ക്‌ വന്നുകൊണ്ടിരുന്ന മിന്നാമിനുങ്ങ് വെട്ടങ്ങൾ..
ശബ്ദകോലാഹലങ്ങൾ..
ഓടി മാറാൻ നോക്കിയപ്പോഴേക്കും പിടലിക്ക് പിടുത്തം വീണിരുന്നു…

സമീപിച്ചിട്ടും കിട്ടാതെ പോയവന്റെ നിരാശ കലർന്ന മുഷ്ടികൾ ആഞ്ഞു പതിച്ചു…
തലയിലേറ്റ ശക്തമായ പ്രഹരം ബോധം മറച്ചു…..

കണ്ണു തുറന്നപ്പോൾ ആശുപത്രിക്കിടക്കയിലാണ്…
ചലിക്കാത്ത രണ്ട് ശരീരങ്ങളുണ്ടെനിക്കിന്ന്
പട്ടിണി കിടക്കുന്ന രണ്ടു മക്കളും…

Advertisements